പഞ്ചായത്തിന്റെ ഭൂപ്രകൃതി
ഭൂപ്രകൃതിയും പാരിസ്ഥിതിക സവിശേഷതകളും
കോട്ടയം ജില്ലയുടെ തെക്കേയതിരിലായി ചങ്ങനാശ്ശേരി താലൂക്കിന്റെ തെക്കു കിഴക്കതിരില്‍ പത്തനംതിട്ട ജില്ലാ അതിര്‍ത്തിയോട് ചേര്‍ന്ന് വെള്ളാവൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നു. തട്ടമലയില്‍ (വാഗമണ്‍) നിന്നുത്ഭവിച്ച് ഒരു തോടായി ഒഴുകി ഈ പഞ്ചായത്തില്‍ എത്തുമ്പോള്‍ മാത്രം ആറായി രൂപപ്പെട്ടിരുന്ന മണിമലയാറിന്റെ വടക്ക് ഭാഗത്തായാണ് ഈ പഞ്ചായത്തിന്റെ സ്ഥാനം. ആറ്, ഏഴ്, പത്ത്, പതിനൊന്ന്, പന്ത്രണ്ട്, പതിമൂന്ന് എന്നീ വാര്‍ഡുകളുടെ തെക്കെ അതിരില്‍ കൂടിയാണ് മണിമലയാര്‍ ഒഴുകുന്നത്. ചിറക്കടവ്, വാഴൂര്‍, കങ്ങഴ, നെടുംകുന്നം, പത്തനനംതിട്ട ജില്ലയിലുള്ള ആനിക്കാട് എന്നീ പഞ്ചായത്തുകളുടേയും മണിമലയാറിന്റെയും മദ്ധ്യത്തിലായി സ്ഥിതിചെയ്യുന്ന വെള്ളാവൂര്‍ ഗ്രാമപഞ്ചായത്തിന് ഉദ്ദേശം 13 കിലോമീറ്റര്‍ നീളം മണിമലയാറിന്റെ തീരഭൂമിയായുണ്ട്. നിരവധി കുന്നുകളും പാറക്കെട്ടുകളും വളരെ കുറച്ച് പാടശേഖരങ്ങളും ഉള്‍പ്പെട്ട ഒരു ഭൂവിഭാഗമാണ് ഈ പഞ്ചായത്തിനുള്ളത്. ഭൂപ്രകൃതിയനുസ്സരിച്ച് വെള്ളാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രദേശത്തെ ആറായി വിഭജിക്കാം. മണിമല ആറിന്റെ നിരപ്പില്‍ നിന്നും 20 മീറ്റര്‍ വരെ ഉയരത്തിലുള്ള നദീതീര സമതല പ്രദേശങ്ങളും 100 മീറ്റര്‍ വരെ ഉയരമുള്ള ചരിവുള്ള ഭൂമിയും 100 മുതല്‍ 147 മീറ്റര്‍ വരെ ഉയരമുള്ള കുന്നിന് പ്രദേശങ്ങളും പാറക്കെട്ടുകളും ഉള്‍പ്പെടുന്നതാണ് ഈ പഞ്ചായത്ത്.
| ക്രമ നം | ഭൂപ്രകൃതി മേഖലകള്‍ | വിസ്തൃതി (ഹെക്ടര്‍) | ശതമാനം |
| 1 | കുന്നിന്‍പ്രദേശം | 504 | 23 |
| 2 | വലിയ ചെരിവുള്ള പ്രദേശം | 160 | 7 |
| 3 | ചെറിയ ചെരിവുള്ള ഭൂമി | 1343.5 | 60.5 |
| 4 | നദീതീര സമതലം,പാടങ്ങള്‍ | 73 | 3 |
| 5 | പാറക്കെട്ടുകള്‍ | 32 | 1.5 |
| 6 | തോട്,പുഴ,റോഡ് | 107 | 5 |
| ആകെ | 2219.5 | 100 |
പ്രധാനമായും നാലുതരത്തിലുള്ള മണ്ണാണ് ഈ പഞ്ചായത്തില്‍ കാണപ്പെടുന്നത്. നദീതീര സമതല പ്രദേശങ്ങളില്‍ എക്കല്‍ കലര്‍ന്ന മണലും, പാടങ്ങളില്‍ പശിമരാശി മണ്ണും കുന്നുകളിലും, ചരിവ് പ്രദേശങ്ങളിലും ആഴം കുറഞ്ഞ ചരല് കലര്‍ന്ന ചുവന്ന മണ്ണുമാണുള്ളത്. വെട്ടുകല്ല് രൂപത്തിലുള്ള മണ്ണ് പഞ്ചായത്തിന്റെ 50 ശതമാനം പ്രദേശത്തുമുണ്ട്. കൂടാതെ ഉയര്‍ന്ന പാറക്കൂട്ടങ്ങളും കാണപ്പെടുന്നു. ഭൂരിഭാഗം പ്രദേശങ്ങളിലും മൂന്നടിമുതല്‍ ഇരുപത്തഞ്ചടി വരെ ആഴത്തില്‍ മണ്ണും അതിനടിയില്‍ പാറയുമാണുള്ളത്. മഴക്കാലത്ത് മണിമലയാറിന്റെ ഉത്ഭവ പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായാല്‍ ആറ്റില്‍ വെള്ളപ്പൊക്കം ഉണ്ടാവുകയും പഞ്ചായത്തിലെ ആറ്, ഏഴ്, പത്ത്, പതിനൊന്ന്, പന്ത്രണ്ട്, പതിമൂന്ന് വാര്‍ഡുകളുടെ നദീതീര സമതല പ്രദേശങ്ങള്‍ വെള്ളം കയറി നാശനഷ്ടങ്ങള്ക്കിരയാവുകയും ചെയ്യാറുണ്ട്. മൊത്തം ഭൂ-വിസ്തൃതിയുടെ 80 ശതമാനത്തോളം റബ്ബര്‍ കൃഷിക്കായി ഉപയോഗിക്കുന്നു.
പൊതുവേ ഉയര്‍ന്ന പ്രദേശങ്ങളുള്ള ഈ പഞ്ചായത്തില്‍ മഴ ധാരാളമായി ലഭിക്കുന്നുണ്ട്. കിണറുകളിലേയും, തോടുകളിലേയും ജല ലഭ്യത മഴയുടെ ഏറ്റക്കുറച്ചിലിനനുസരിച്ചാണുള്ളത്. ആറിനോട് ചേര്‍ന്നുള്ള ആറ്, ഏഴ്, പത്ത്, പതിനൊന്ന്, പന്ത്രണ്ട്, പതിമൂന്ന് എന്നീ വാര്‍ഡുകളിലെ ഭൂമി ആറിനേക്കാള്‍ 20 മീറ്റര്‍ മുതല്‍ 100 മീറ്റര്‍ വരെ ഉയരത്തില്‍ ഉള്ളതാകയാല്‍ ആറ്റിലെ ജലം സ്വാഭാവിക മാര്‍ഗ്ഗങ്ങളിലൂടെ പഞ്ചായത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് എത്തിക്കുന്നതിന് നിര്‍വ്വാഹമില്ല.
കാര്യമായി ജല നിര്ഗ്ഗമനമുള്ള തോടുകള്‍ ഒന്നും ഈ പഞ്ചായത്തിലില്ല. കുറെയെങ്കിലും വെള്ളമൊഴുക്കുള്ള തൊട് വെള്ളാവൂര്‍ തോടാണ്. പ്രസ്തുത തോടും ഒഴുകുന്നത് വെള്ളാവൂര്‍ പഞ്ചായത്തിന്റെ അതിരിലൂടെയാണ്. മൂന്ന് , രണ്ട്, പന്ത്രണ്ട് വാര്‍ഡുകളുടെ പടിഞ്ഞാറതിരികില്കൂടി ഒഴുകി മണിമലയാറില്‍ ഈ തോട് പതിക്കുന്നു. ഈ തോട് ഒഴിച്ചുള്ള മറ്റ് തോടുകള്‍ ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലത്ത് തീര്‍ത്തും വറ്റി വരളുന്നു. കുറെയെങ്കിലും പാടങ്ങള്‍ പത്ത്, ഒന്‍പത്, പതിമൂന്ന് വാര്‍ഡുകളിലാണുള്ളത്.മൊത്തം ഭൂവിസ്തൃതിയുടെ 1 ശതമാനം മാത്രമാണ് വയല്‍. പ്രസ്തുത പ്രദേശവും വരള്‍ച്ച ബാധിതമാണ്. കാര്യമായി വര്‍ഷം മുഴുവന്‍ ജലലഭ്യതയ്ക്കുള്ള സ്രോതസ്സുകള്‍ ഒന്നും തന്നെ ഈ പഞ്ചായത്തിലില്ല. ആകെ ആശ്രയിക്കാവുന്നത് മണിമലയാറിനെ മാത്രമാണ്. സാധാരണ ജനുവരി മുതല്‍ ജൂണ്‍വരെയുള്ള കാലത്ത് രൂക്ഷമായ വരള്‍ച്ച അനുഭവപ്പെടാറുണ്ട്.
ജനങ്ങള്‍ കുടിവെള്ളത്തിനായി കിണറുകളേയാണ് ആശ്രയിക്കുന്നത്. കിണറുകളില്‍ നിന്നും ലഭിക്കുന്ന ജലം ശുദ്ധമാണ്. കൂടാതെ ഒഴുക്കുള്ള സമയങ്ങളില്‍ തോടുകളിലെ ജലവും ശുദ്ധമാണ്. കിണറുകളുടെ അടിത്തട്ടും തോടുകളുടെ പാര്‍ശ്വങ്ങളും മറ്റും പാറ ആയതിനാലാണ് ശുദ്ധജലം ലഭ്യമാകുന്നത്.ഈ പഞ്ചായത്തിന്റെ വിവധ ഭാഗങ്ങളില്‍ നിര്‍മ്മിച്ചിട്ടുള്ള കുഴല്‍ കിണറുകളിലെ ജലത്തില്‍ സള്‍ഫറിന്റെ അംശം കൂടുതലായിക്കാണപ്പെടുന്നു. ഇതുമൂലം പ്രസ്തുത ജലം ഉപയോഗയോഗ്യമല്ല. ഗ്രൗണ്ട് വാട്ടര്‍ ഡിപ്പാര്‍ട്ട്മെന്റിലെ വിദഗ്ധരുടെ നിഗമനത്തില്‍ ഭൂഗര്‍ഭജലശേഖരം ഇവിടെ വളരെക്കുറവാണ്. പൊതു കുളങ്ങള്‍ രണ്ടെണ്ണം മാത്രമാണുള്ളത്. കടയനിക്കാട്ടുള്ള കുറ്റിക്കാട്ട് കുളവും, പെരുങ്കാവിലുള്ള കുളവും. ചെറിയ ഒന്‍പത് സ്വകാര്യ കുളങ്ങളും ഈ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായുണ്ട്. ഇവയെല്ലാം തന്നെ വേലല്‍കാലത്ത് ജല ലഭ്യത വളരെ കുറയുന്നവയാണ്. ഭൂമിയുടെ കുത്തനെയുള്ള ചരിവ് മൂലം മഴക്കാലത്ത് ലഭിക്കുന്ന ജലത്തിന്റെ നല്ല പങ്കും ഒഴുകി നഷ്ടപ്പെടുന്നു. ഈ പഞ്ചായത്തില്‍ ഭാഗീകമായി വാട്ടര്‍ ഷെഡ് പദ്ധതി നടപ്പിലാക്കിയെങ്കിലും അതിന്റെ പ്രയോജനം ജനങ്ങള്‍ക്ക് ലഭ്യമായിട്ടില്ല.ഇതു കൂടാതെ 15 ചെറിയ നീര്‍ചാലുകളും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായുണ്ട്.